ന്യൂഡൽഹി: കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ പുതിയ പാക്കറ്റുകളിലാക്കി വിപണിയിൽ എത്തിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. ദ്വാരകയിലെ ബംനോളിയിലുള്ള ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉത്പനങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കമൽ മുദ്ഗിൽ (56), ലോകേഷ് കുമാർ (35), ശിവം സിംഗ് (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കാലാവധി കഴിഞ്ഞതും കഴിയാറായതുമായ സോഫ്റ്റ് ഡ്രിങ്കുകൾ, ബിസ്കറ്റുകൾ, എന്നിവ കുറഞ്ഞ നിരക്കിൽ ശേഖരിച്ച് അവയിലെ തീയതികൾ തിരുത്തി പുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചാണ് ഇവർ വിപണിയിൽ എത്തിച്ചിരുന്നത്.
മാർച്ച് 29 ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.
മറ്റൊരു സംഭവത്തിൽ കാഞ്ചാവാലയിൽ പ്രവർത്തിച്ചിരുന്ന വ്യാജ ടൂത്ത്പേസ്റ്റ് നിർമാണ യൂണിറ്റും പോലീസ് പിടികൂടി. പ്രമുഖ ബ്രാൻഡുകളുടെ ഒഴിഞ്ഞ ട്യൂബുകളിൽ ഗുണനിലവാരമില്ലത്ത മിശ്രിതം നിറച്ച് സീൽ ചെയ്തു വിൽക്കുന്ന ആറു പേരാണ് അറസ്റ്റിലായത്.
രണ്ട് കേസുകളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.